count down

Sunday, January 3, 2010

മലയാളസിനിമയിലെ ബഹുമാന്യര്‍

(അരവിന്ദന്റെ ഒരൊറ്റ സിനിമ പോലും വാല്യൂ ഉള്ളതായി തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ഒരു ആദരവും തോന്നിയിട്ടില്ല ” അടൂര്‍ ഗോപാലകൃഷ്ണന്‍ )


സിനിമ ഒരു കലാരൂപമാണെന്നോ അല്ലെന്നോ ഇനിയും പിടികിട്ടാത്ത കാര്യമാണ്.(അപ്പോള്‍ സംവിധായകന്‍ കലാകാരന്‍?)പ്രത്യേകിച്ച് മലയാളസിനിമ.ലോക സിനിമയില്‍ സാമൂഹ്യാവസ്ഥയിലൂന്നിയുള്ള കുതിപ്പുകളും സൌന്ദര്യശാസ്ത്രപരമായ പുതുപുത്തന്‍ അവതരണങ്ങളും രണ്ടു കണ്ണും തുറന്ന ഏതൊരു മലയാള സിനിമക്കാരനും അപകര്‍ഷതയില്‍ ആയുധം വെച്ച് കളമൊഴിയേണ്ട കാലം കഴിഞ്ഞു.നമ്മളൊക്കെ വീമ്പുപറഞ്ഞുനടക്കുന്ന ഈ കൊച്ചു കേരളം സത്യത്തില്‍ ഒരു പൊട്ടക്കിണറാണ് പലര്‍ക്കും.അതിന്റെ ഇട്ടാവട്ടങ്ങളില്‍ കറങ്ങി ഞാന്‍ ആരെടാ എന്ന് ഊക്കു കാട്ടുന്നവരെ കാണുമ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.മറ്റു മേഘലയിലെന്ന പോലെ തന്നെ സിനിമയിലും ചെറിയ മനുഷ്യരാണ് അരങ്ങ് വാഴുന്നത്.എത്ര ലോകം ചുറ്റിവന്നാലും ആ പൊട്ടക്കിണറില്‍ വീണാലെ വീമ്പുപറഞ്ഞു നില്‍ക്കാന്‍ കഴിയൂ.കേരളത്തിനു പുറത്തു പോയാല്‍ ആണുങ്ങളെ കാണേണ്ടിവരും.ലോകത്തിലേക്ക് വികസിക്കാന്‍ കഴിയാത്തവര്‍ക്ക് അഭയം ഈ പൊട്ടക്കിണര്‍ തന്നെ.കഥക്കും കവിതക്കുമൊക്കെ പേനയും കടലാസും മാത്രമേ നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള അസംസ്കൃത വസ്തുക്കള്‍.ഒരു യന്ത്രത്തിന്റെയോ സഹകാരിയുടെയോ സഹായമില്ലാതെ എല്ലാം നിങ്ങള്‍ ചമക്കണം.എന്തൊക്കെ ഉത്സാഹിച്ചാലും എഴുത്ത് നന്നായെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ സാധിക്കൂ.

സിനിമയില്‍ അങ്ങിനെയല്ല.വരക്കാനും മായ്ക്കാനും എന്തിന് ചിന്തിക്കാന്‍ കൂടി ആളെക്കിട്ടും.ജുബ്ബയുമുടുത്ത് തൊപ്പിയും വെച്ച് വെയിലത്തോ മഴയത്തോ സ്റ്റാര്‍ട്ട് കട്ട് പറഞ്ഞാല്‍ മതി,പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ക്യാമറക്കുമുന്നിലോ ചുറ്റുവട്ടത്തോ നിന്നാല്‍ മതി നിങ്ങള്‍ക്ക് സംവിധാനമേലങ്കി ചാര്‍ത്തി തരും.ഞാനാണിതിന്റെ അധിപന്‍ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടായിരിക്കണമെന്നുമാത്രം.പിന്നെ സംസ്കാരിക സദസ്സുകളില്‍ നിങ്ങള്‍ക്കിടം കിട്ടും.എന്തു മണ്ടത്തരവും നിങ്ങള്‍ക്ക് പറയാം.(ലോക്കല്‍ താലൂക്ക്,ജില്ലാ,സംസ്ഥാന പേജുകളില്‍ ഏതിലെങ്കിലും നിങ്ങള്‍ പത്രങ്ങളുടെ ആവശ്യാനുസരണം നിറയും.ലോക്കല്‍ മഹാന്മാര്‍,ജില്ലാ മഹാന്മാര്‍ സംസ്ഥാന മഹാന്മാര്‍ എന്നിങ്ങനെ പത്രങ്ങള്‍ ഇക്കൂട്ടരെ ആദരിച്ച് നശിപ്പിക്കും)സംസ്കാരത്തിന്റെയും സാസ്കാരികവകുപ്പിന്റെയും കണക്കില്‍ അതെഴുതിക്കോളും.

റഞ്ഞുവന്നത് ഇതാണ്, സിനിമ സംവിധായകന്റെ കലയാണെന്ന് പറക വയ്യ.ക്രിയേറ്റര്‍ ആകാത്തിടത്തോളം ഒരാള്‍ കലാകാരനല്ല.ഈ ചിന്തക്ക് അടിവരയിടുന്നുവെങ്കില്‍ മലയാളത്തില്‍ ആരൊക്കെയാവും ക്രിയേറ്റര്‍മാര്‍.അപൂര്‍വ്വം മാത്രമേയുള്ളുവെന്നാണ് എന്റെ നിരീക്ഷണം.ബാലനില്‍ നിന്നും തുടങ്ങി കേശുവില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയുടെ ബാലാരിഷ്ടത ഒന്ന് നേരില്‍ കാണുക.എടുപ്പിലോ നടപ്പിലോ നോക്കിലോ വാക്കിലോ എവിടെയാണ് മലയാളസിനിമ ഉയര്‍ന്നിട്ടുള്ളത്.അതില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?ഒരു വ്യത്യാസവുമില്ലെന്ന് വേണം കരുതാന്‍.

ടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണിനും സത്യന്‍ അന്തിക്കാടും തമ്മില്‍ തുലനം ചെയ്താല്‍ കണ്ടെത്തുന്നത് ആശാരിപ്പണിയിലെ ചില വ്യത്യാസങ്ങള്‍ മാത്രം.ഇടത്തിരുന്ന് വലത്തോട്ടും വലത്തിരുന്ന് ഇടത്തോട്ടും പട്ടികയടിച്ചാലുണ്ടാവുന്ന വ്യത്യാസം മാത്രം.

കെ.എസ് സേതുമാധവനും എ.വിന്‍സന്റിനുമൊപ്പമെത്താന്‍ പുതിയ മലയാള സിനിമ ഇനിയും കുതിക്കേണ്ടതുണ്ട് .സംഘാടനത്തിന്റെ മൂത്താശാരിപ്പണിയിലാണെങ്കില്‍ രാമുകാര്യാട്ടിന്റെ ഏഴയലത്തെത്തില്ല ഈ ഉണ്ണിക്കുട്ടന്മാര്‍.സ്വയം നായകത്വത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിനുപകരം കേരള സാഹചര്യങ്ങളിലേക്ക് അതിന്റെ സജീവതയിലേക്ക് നവീന ലോക സിനിമ ആര്‍ജ്ജിച്ച സൌന്ദര്യശാസ്ത്രത്തിലേക്ക് കുശാഗ്രബുദ്ധിയുണര്‍ത്തുക.(തലയെന്നു പറയുമ്പോള്‍ മുടിയെക്കുറിച്ചോര്‍ത്ത് ചീര്‍പ്പെടുക്കാനോങ്ങുന്ന തലമുറയാണെന്റെ ശത്രു എന്ന കവി വചനത്തെ തുരത്തുക).


ലയാളം കണ്ട രണ്ടു പ്രധാന ക്രിയേറ്റര്‍മാരാണ് ജോണ്‍ അബ്രഹാമും അരവിന്ദനും.സിനിമാക്കൊട്ടകയിലെ അട്ടഹാസങ്ങള്‍ തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ടിനേക്കാള്‍ മുഴക്കിയ നാളുകളില്‍ അര്‍ത്ഥസാന്ദ്രമായ മൌനം കൊണ്ടു നേരിട്ട അരവിന്ദനും സിനിമയെ മൂലധനത്തിന്റെ കറയില്‍ നിന്നും മോചിപ്പിച്ച ജോണും മലയാളത്തിന് പ്രിയങ്കരന്മാരാണ്.കോടമ്പാക്കം സംസ്കാരത്തെ ഉപേഷിച്ചവരായിരുന്നു അവര്‍. മനുഷ്യരാവാന്‍ നമ്മളെ നിര്‍ബ്ബന്ധിച്ച സിനിമാക്കാരായിരുന്നു അവര്‍.എന്തു തന്നെയായാലും മലയാളസിനിമയില്‍ നിലനിന്നിരുന്ന ഇഡ്ലി ചട്നി സാമ്പാറിന് പകരം വെച്ചവരാണല്ലോ അവര്‍.അവര്‍ സ്വന്തമായി പാത നിര്‍മ്മിച്ചവരാണ്.സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ യാഥാസ്ഥിതികധാരകളത്രയും അവര്‍ അവഗണിച്ചു.(ജോണ്‍ ആണെങ്കില്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ നാലുകെട്ടുസുര്‍ക്ഷിതങ്ങളെ നിരാകരിക്കുകയും തെരുവിലും അതിനുസമാനമായ ഇടങ്ങളിലും ജീവിതം നിവര്‍ത്തിയിട്ടു.)

സിനിമയില്‍ സംവിധാന ബിംബങ്ങള്‍ ക്രിയേറ്റര്‍മാരല്ല.അവര്‍ വെറും കോര്‍ഡിനേറ്റര്‍ മാരോ മൂത്താശീമാരൊ ആണ്.ക്രിയേറ്റര്‍മാര്‍ നിലവിലെ യാഥര്‍ത്ഥ്യങ്ങളേയും യാഥാസ്ഥിതിക മൂല്യങ്ങളേയും തകിടം മറിക്കുകയോ പുതുക്കിപ്പണിയുന്നവരോ ആണ്.ആ നിലയില്‍ നമുക്ക് ജോണ്‍ അബ്രഹാമിനേയും അരവിന്ദനേയും (പിറകെ കഥ പറച്ചിലിന്റെ അപ്പോസ്തലനായ പത്മരാജനേയും)അവരോധിക്കാം, ക്രിയേറ്റര്‍മാരായി.അവരെ നമുക്ക് ബഹുമാനിക്കാം,അവര്‍ തുടങ്ങിവെച്ച പാതയാണ് ദുഷ്കരം.

3 comments:

ക്രിട്ടിക്കന്‍ said...

ആ നിലയില്‍ നമുക്ക് ജോണ്‍ അബ്രഹാമിനേയും അരവിന്ദനേയും പിറകെ കഥ പറച്ചിലിന്റെ അപ്പോസ്തലനായ പത്മരാജനേയും അവരോധിക്കാം, ക്രിയേറ്റര്‍മാരായി.അവരെ നമുക്ക് അടൂരിനു വേണ്ടി ബഹുമാനിക്കാം.

ക്രിട്ടിക്കന്‍ said...

മലയാളം കണ്ട രണ്ടു പ്രധാന ക്രിയേറ്റര്‍മാരാണ് ജോണ്‍ അബ്രഹാമും അരവിന്ദനും.എന്തു തന്നെയായാലും മലയാളസിനിമയില്‍ നിലനിന്നിരുന്ന ഇഡ്ലി ചട്നി സാമ്പാറിന് പകരം വെച്ചവരാണല്ലോ അവര്‍.അവര്‍ സ്വന്തമായി പാത നിര്‍മ്മിച്ചവരാണ്.സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ യാഥസ്ഥിതികങ്ങളെയും അവര്‍ അവഗണിച്ചു.(ജോണ്‍ ആണെങ്കില്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ നാലുകെട്ടുസുര്‍ക്ഷിതങ്ങളെ നിരാകരിക്കുകയും തെരുവിലും അതിനുസമാനമായ ഇടങ്ങളിലും ജീവിതം നിവര്‍ത്തിയിട്ടു

Muralee Mukundan , ബിലാത്തിപട്ടണം said...

തുടക്കം തന്നെ നല്ല കൊട്ടോടുകൂടിയുള്ള ക്രിട്ടിക്കാണല്ലോ..
എല്ലാഭാവുകങ്ങളും നേരുന്നൂ !