count down

Thursday, January 7, 2010

സിനിമാഗാന നിരൂപണത്തിന്റെ വഴികള്‍


ദ്യക്ക് ഇലയുടെ ഓരത്ത് വേണ്ടാവെറുക്കനെ വിളമ്പുന്ന പുളിയിഞ്ചി പോലെ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയിരുന്ന ഒന്നായിരുന്നു സിനിമാഗാനനിരൂപണം.
ടി.പി.ശാസ്താമംഗലമെന്ന ഒരു തിരോന്തരം പൂള്ളിയാണ് ജനകീയ ശാഖയാക്കി അതിനെ തളര്‍ത്തിയത്.വള്ളിപുള്ളി വിടാതെയുള്ള വിമര്‍ശനമായിരുന്നു അത്.അദ്ദേഹം സിനിമയിലെ അതിന്റെ പ്രസക്തിയെപ്പറ്റിയും ചിന്തിച്ചു കുഴഞ്ഞു.അമ്മേ നാരായണാ എന്ന വരികളെപ്പറ്റി അമ്മെക്കെങ്ങിനെയാണ് നാരായണ എന്ന പേരു കൊടുക്കുക എന്നൊക്കെ തലനാരിഴ കീറി.
പഴയപാട്ടുപുസ്തകങ്ങളും വാക്കുകളുടെ ഭാണ്ഡവും പേറി കോടാമ്പക്കത്തിന് മദ്രാസ് മെയിലോ കള്ളവണ്ടി പിടിച്ചോ പോയവര്‍ ഇദ്ദേഹത്തെ പ്രതി പാട്ടെഴുത്ത് മോഹം കളഞ്ഞ് പല ജോലിയിലും ഏര്‍പ്പെട്ട് മര്യാദയോടെ,ശാസ്തമംഗലത്തെ പേടിക്കാതെ ജീവിച്ചുപോരികയും ചെയ്തു.

ശാസ്തമംഗലം നല്ല വഴിയാണെന്ന് കണ്ട് പലരും ഈ രംഗത്തേക്ക് കാലെടുത്തുവെച്ചുവെങ്കിലും തൊലിക്കട്ടിയില്ലായ്മ കൊണ്ടു പിടിച്ചു നില്‍ക്കാന്‍ ആയില്ല.
ടി.പി.ശാസ്തമംഗലം നീണാള്‍ വാഴട്ടെ.


രംഗത്തെ പുതിയ പേരാണ് രവിമേനോന്‍.വിമര്‍ശനം അദ്ദേഹത്തിന്റെ ലക്ഷ്യമല്ല,പത്രപ്രവര്‍ത്തനമാണ് രംഗമെങ്കിലും.

നഷ്ടപ്രണയിനികള്‍ താജ് മഹല്‍ കാണുന്നതുപോലെയാണ് രവിമേനോന്‍ സിനിമയിലെ ഓരോ പാട്ടിനേയും കാണുന്നത്,ഹിന്ദിയും ഗസലുമാണെങ്കില്‍ പറയുകയും വേണ്ട.

പ്രസവിച്ചുവീണ കുട്ടി ലോകത്തിന്റെ വെളിച്ചം കാണുന്നതുപോലെ എല്ലാം പാട്ടും രവിമേനോന് അത്ഭുതമാണ്.ഓരോ പാട്ടിന്റെ പിന്നിലെ ജാരസംസര്‍ഗ്ഗവും ഗര്‍ഭവും അലസലും പ്രസവവേദനയും സിസേറിയന്‍ സംഗതികളുമെല്ലാം വിവരിച്ചു കേട്ടാല്‍ ആര്‍ക്കായാലും ഒരു സിമ്പതി തോന്നും.ഇത്ര കഷ്ടപ്പെട്ടുണ്ടാക്കിയതല്ലെ ഒന്ന് കേട്ടുകളയാം എന്ന്.ചാനലുകള്‍ക്ക് മാത്രം പോരല്ലോ എഫ്. എം. സ്റ്റേഷനുകള്‍ക്കും നാട്ടില്‍ അരിവേടിക്കേണ്ടെ!കേട്ടാല്‍ സ്റ്റേഷനും വിട്ടോടുന്ന(റേഡിയോ സ്റ്റേഷന്‍) പാട്ടുകളെപ്പോലും രവിമേനോന്‍ തിരിച്ചു പിടിച്ച് കൊണ്ടുവന്ന് തെരുവിലെ പച്ചമരുന്ന് കച്ചവടക്കാരെപ്പോലെ ഇല്ലാത്ത ഗുണാഗണങ്ങള്‍ പാടി മലയാളിയുടെ എളിയില്‍ തിരുകിവെച്ചുകൊടുക്കും.

ബാലമുരളീകൃഷ്ണ ഒരു വയോള വാദകാനായിരുന്നുവെന്ന കാര്യവും,അല്ലിയാമ്പല്‍ എന്ന പാട്ടു കേട്ടാല്‍ ജോബ് മാഷെ ആര് ഓര്‍ക്കാന്‍,പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന കാര്യം എത്രപേര്‍ക്കറിയാം.......... എന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രസിച്ചുവീണ കുഞ്ഞിന്റെ നിഷ്കളങ്കത കാട്ടി വായനക്കാരെ അവമതിക്കും.ആ അവമതിയെ തന്റെ വിധിയാക്കി അവര്‍ ചവറ്റുകൊട്ടയില്‍ വീഴ്ത്തിയ പാട്ടുകള്‍ തെരഞ്ഞുപിടിച്ച് വീണ്ടും വീണ്ടും കേള്‍ക്കുകയും ടിയാന്‍ പറയുന്നതും എഴുതുന്നതുമൊക്കെ വായിച്ചുകൊണ്ടിരിക്കും.
ഹമാണ്(guess)പത്രപ്രവര്‍ത്തകന്റെ ഖനി എന്നതിനാല്‍ (അതിന് gossipലേക്ക് മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു) എന്തും എഴുതാം.ദഹനക്കേടുണ്ടാക്കുമെങ്കിലും മലയാളിക്കും അത് പൊറോട്ട പോലെ നിത്യവും കിട്ടിക്കോണ്ടിരിക്കുകയും വേണം.മലയാളമറിയാത്ത ഗായികാ ഗായകന്മാരാണെങ്കില്‍ അവരെക്കുറിച്ച് എന്തും നിരൂപിച്ചെഴുതാം.മലയാളത്തില്‍ നല്ല പാട്ടുകള്‍ പാടിയിട്ടുള്ള,ഇപ്പോള്‍ ചെന്നൈയില്‍ താമസിച്ച് സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന പ്രശസ്ത ഗായിക ബി.വസന്ത ഇപ്പോള്‍ ഹമ്മിംഗ് ചെയ്താണ് ജീവിക്കുന്നതെന്നു വരെ എഴുതാം.ഭാഷ ഒരു ഇലക്ട്രിഫൈഡ് വേലിയായതിനാലും കുറച്ചോക്കെ മാന്യത ഉള്ളതിനാലും അവരാരും നെഞ്ചത്തുകേറാനും വരില്ല.

2 comments:

ക്രിട്ടിക്കന്‍ said...

നഷ്ടപ്രണയിനികള്‍ താജ് മഹല്‍ കാണുന്നതുപോലെയാണ് രവിമേനോന്‍ സിനിമയിലെ ഓരോ പാട്ടിനേയും കാണുന്നത്,ഹിന്ദിയും ഗസലുമാണെങ്കില്‍ പറയുകയും വേണ്ട.

പ്രസവിച്ചുവീണ കുട്ടി ലോകത്തിന്റെ വെളിച്ചം കാണുന്നതുപോലെ എല്ലാം പാട്ടും രവിമേനോന് അത്ഭുതമാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

പാട്ടിനെ കുറിച്ചുപറഞ്ഞുതരുവാൻ ,ഇപ്പോഴും രവിമേനോനെ പൊലൊരാൾ ഉണ്ടല്ലോ എന്ന സമാധാനം...